ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്

ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തില്‍ അധികം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നതായും റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലെ പോളിംഗ് ഏഴ്ശതമാനത്തിലേക്ക് എത്തി. 7.2 ആണ് ഇപ്പോഴത്തെ പോളിംഗ് ശതമാനം.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കൂ. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്.

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Share this story