സംസ്ഥാനത്തെ പോളിങ് 50 ശതമാനം പിന്നിട്ടു

സംസ്ഥാനത്തെ പോളിങ് 50 ശതമാനം പിന്നിട്ടു

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് അൻപത് ശതമാനം പിന്നിട്ടു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്.

ഉച്ചക്ക് മൂന്ന് മണിവരെ 54.97 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. അതിനിടെ, മധ്യകേരളത്തില്‍ പലയിടത്തും കനത്ത മഴ പെയ്തു.

കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ആയിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. നിലവിലെ സാഹചര്യത്തിൽ പോളിം​ഗ് തുടർന്നാൽ ഇത് മറികടന്നേക്കും. പല വോട്ടിം​ഗ് കേന്ദ്രങ്ങളിലും ഉച്ചക്ക് ശേഷവും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. പോളിം​ഗ് തീരാൻ നാല് മണിക്കൂർ കൂടിയാണ് ബാക്കിയുള്ളത്.

തൃശ്ശൂര്‍, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടിയ പോളിം​ഗ് രേഖപ്പെടുത്തിയത്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു.

വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി.പി.എമ്മുകാരുടെ മർദ്ദനമേറ്റു. പാനൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്.

റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു.

Share this story