കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലക്ക് ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് വൈകിട്ട് 5 മണി മുതല്‍ പ്രവേശനം അനുവദിക്കുന്നതല്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഒരു വിധത്തിലുമുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ 100 ബെഡുകളുള്ള എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും. ഓരോ പൊലീസ് സ്റ്റേഷനുകളിലും കോവിഡ് പെട്രോളിങ് ടീമിനെ നിയോഗിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇന്ന് കോഴിക്കോട് ജില്ലയില്‍ 1271 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇപ്പോള്‍ കോഴിക്കോട് ജില്ലയിലാണ്. 407 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. 6643 പേര്‍ നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലാണ്. 127184 പേരാണ് ആകെ ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതു വരെ 529 പേര്‍ കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍, കൊയിലാണ്ടി, മേപ്പയ്യൂര്‍ എന്നിവയാണ് പുതിയ കോവിഡ് ക്ലസ്റ്ററുകളായി ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

Share this story