തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസിൽ വർധന; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസിൽ വർധന; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസിൽ വർധനയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പു തലത്തിൽ പ്രതിരോധ പ്രവർത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മാർച്ച് മാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹരാഷ്ട്ര ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീർണമാണ്. മതിയായ ബെഡുകളും ഓക്‌സിജൻ സിലിണ്ടറുകളും ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് ഈ സംസ്ഥാനങ്ങൾ കടന്നു പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തിൽ ഇതുവരെ 11,89,000 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കോടി 39 ലക്ഷം പരിശോധനകൾ നടത്തി. നിലവിൽ ചികിത്സയിലുള്ളത് 58,245 പേരാണെന്നും മന്ത്രി പറഞ്ഞു. ഇന്നും ഇന്നലെയുമായി രണ്ടര ലക്ഷത്തോളം പരിശോധന നടത്തി. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യ മാനദണ്ഡമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share this story