സംസ്ഥാനത്തെ കൊവിഡ് ക്വാറന്റൈൻ, ഐസോലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

സംസ്ഥാനത്തെ കൊവിഡ് ക്വാറന്റൈൻ, ഐസോലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി

സംസ്ഥാനത്ത് കൊവിഡ് ക്വാറന്റൈൻ, ഐസോലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. ഡിസ്ഡാർജ് ചെയ്തതിന് ശേഷം ഏഴ് ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്

പ്രാഥമിക സമ്പർക്കം വഴി രോഗസാധ്യത കൂടുതലുള്ളവർ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം റൂം ക്വാറന്റൈനിൽ കഴിയണം. ലക്ഷണങ്ങൾ കണ്ടാൽ ദിശ 1056 ലോ തൊട്ടടുത്ത ആരോഗ്യപ്രവർത്തകരെയോ ബന്ധപ്പെടുക. ലക്ഷണമൊന്നുമില്ലെങ്കിൽ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുക. ഫലം നെഗറ്റീവാണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ തുടരണം

രോഗസാധ്യത കുറവുള്ള പ്രാഥമിക സമ്പർക്കത്തിലുള്ളവർ 14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. കൈകളുടെ ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം. കല്യാണം, മറ്റ് ചടങ്ങുകൾ, ജോലി, സന്ദർശനങ്ങൾ തുടങ്ങിയ സാമൂഹിക ഇടപെടലുകൾ ഒഴിവാക്കണം. ലക്ഷണം കണ്ടാൽ ദിശ നമ്പറിലോ ആരോഗ്യപ്രവർത്തകരെയോ ബന്ധപ്പെടണം

ലക്ഷണങ്ങളില്ലാത്ത ദ്വിതീയ സമ്പർക്കക്കാർ കൊവിഡ് പ്രതിരോധ ശീലങ്ങൾ പിന്തുടരണം. ലക്ഷണങ്ങൾ കണ്ടാൽ മുകളിൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കണം.

കേരളത്തിലേക്ക് വരുന്ന അന്തർദേശീയ യാത്രക്കാർ സംസ്ഥാനത്ത് എത്തുമ്പോൾ മാർഗനിർദേശ പ്രകാരം ആർടിപിസിആർ പരിശോധന നടത്തുകയും വീട്ടിൽ ഐസോലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാ ഫലം അനുസരിച്ച് ചികിത്സ തേടണം. നെഗറ്റീവ് ആണെങ്കിൽ ലക്ഷണങ്ങളുണ്ടാകുന്നുണ്ടോയെന്ന് ഏഴ് ദിവസം നീരീക്ഷിക്കണം

ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ അടക്കമുള്ള അന്തർ സംസ്ഥാന യാത്രക്കാർ ഇ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. പരിശോധന നടത്തിയിട്ടില്ലാത്തവർ കേരളത്തിലെത്തിയാലുടൻ പരിശോധന നടത്തണം. ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ തുടരണം.

Share this story