ഇത് ജനങ്ങളുടെ വിജയം: ചരിത്രം തിരുത്തിയെഴുതുന്ന പിണറായി

ഇത് ജനങ്ങളുടെ വിജയം: ചരിത്രം തിരുത്തിയെഴുതുന്ന പിണറായി

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ നേരവകാശികൾ കേരള ജനതയാണ്. വിജയത്തെ കുറിച്ച് എന്താണിത്ര ഉറപ്പെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങൾ ജനങ്ങളെയും ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നുണ്ട് എന്നായിരുന്നു അപ്പോഴൊക്കെ നൽകിയ മറുപടി

ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. അപ്പോഴൊക്കെ ജനം കൂടെയുണ്ടായിരുന്നു. എൽ ഡി എഫ് നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്ന വിശ്വസവും ജനങ്ങൾക്കുണ്ട്. ഇതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവി താത്പര്യത്തിന് എൽഡിഎഫ് ഭരണ തുടർച്ച വേണമെന്ന് ജനങ്ങൾ തീരുമാനിച്ചത്.

വർഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത ഒരു വിഭാഗം കേരളത്തിലുണ്ടാകണമെന്ന് ജനങ്ങൾ തീരുമാനിച്ചു. വർഗീയ ശക്തികളുടെ സ്വഭാവം കേരളത്തിലും ഉയർത്തിക്കൊണ്ടുവരാൻ നാട്ടിലെ വർഗീയ ശക്തികൾ ആഗ്രഹിക്കുന്നു. അതിനോടൊക്കെ വിട്ടുവീഴ്ച ചെയ്യാത്ത ഒരു സർക്കാർ ഇവിടെയുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളാ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചാണ് ഇടത് മുന്നണി തുടർ ഭരണം നേടുന്നത്. 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ നിന്നുള്ള അതിശക്തമായ തിരിച്ചുവരവ് കൂടിയായി മാറി ഇടതുമുന്നണിക്ക്. അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന പതിവ് രീതിയിൽ നിന്ന് മാറി ചിന്തിക്കാനും ജനം തയ്യാറാകുകയായിരുന്നു

99 സീറ്റുകളിലാണ് ഇടതുമുന്നണി വിജയമുറപ്പിച്ചത്. യുഡിഎഫ് 41 സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കാനായില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Share this story