മുഖ്യമന്ത്രി സ്ഥാനാർഥി, എംഎൽഎ ഓഫീസ്, കാൽ കഴുകി തുടയ്ക്കൽ; ഒടുവിൽ പവനായി………….

മുഖ്യമന്ത്രി സ്ഥാനാർഥി, എംഎൽഎ ഓഫീസ്, കാൽ കഴുകി തുടയ്ക്കൽ; ഒടുവിൽ പവനായി………….

രാജ്യം കണ്ട മികച്ച എൻജിനീയർമാരിൽ ഒരാളാണ് ഇ ശ്രീധരൻ. മെട്രോ മാൻ എന്നൊരു വിളിപ്പേര് കൂടിയുണ്ട് അദ്ദേഹത്തിന്. കക്ഷി രാഷ്ട്രീയ, ഭാഷാ, ദേശ അതിർത്തികൾക്ക് അന്യമായി തന്നെ ജനം ഇ ശ്രീധരനെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ തെരഞ്ഞെടുത്ത രാഷ്ട്രീയത്തിലൂടെ, ആ രാഷ്ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രത്തെ ഏറ്റുപിടിച്ചതിലൂടെ വെറുപ്പും പരിഹാസങ്ങളും ഏറ്റുവാങ്ങാനായിരുന്നു ഇ ശ്രീധരന്റെ വിധി.

ശ്രീധരനെ മുൻനിർത്തി കേരളം പിടിക്കാമെന്ന ബിജെപിയുടെ വ്യാമോഹത്തിനേറ്റ വലിയ തിരിച്ചടി കൂടിയാണിത്. മുഖ്യമന്ത്രി സ്ഥാനാർഥിയായാണ് ശ്രീധരനെ ബിജെപി ഉയർത്തിക്കാണിച്ചത്. താൻ തന്നെ മുഖ്യമന്ത്രിയെന്ന് ശ്രീധരൻ വല്ലാതങ്ങ് മോഹിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ പിടിച്ചെടുത്തതോടെ ബിജെപിയുടെ പ്രതീക്ഷ വളരുകയായിരുന്നു. സ്വന്തം നാടായ പാലാക്കാട് മത്സരിക്കാമെന്ന ശ്രീധരന്റെ ആത്മവിശ്വാസവും ബിജെപിയെ ചെറുതൊന്നുമല്ല സന്തോഷിപ്പിച്ചത്.

പിണറായി വിജയൻ ഏകാധിപതിയാണെന്ന് ആരോപിച്ച ശ്രീധരൻ പക്ഷേ നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തിലാണ് താൻ വന്നുപെട്ടതെന്ന കാര്യം മറന്നുപോയി. കേരളത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ മനസ്സുകളെ കീറിമുറിക്കുകയാണ് ശ്രീധരൻ ചെയ്തത്. വിജയിക്കുമെന്നുറപ്പിച്ച് പാലക്കാട് എംഎൽഎ ഓഫീസും ശ്രീധരൻ തയ്യാറാക്കി വെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ശ്രീധരന്റെ പ്രചാരണത്തിനായി പാലക്കാട് നേരിട്ടെത്തി.

ബീഫ് കഴിക്കുന്നവർക്കെതിരായ പരാമർശം, കാൽ കഴുകി തുടയ്ക്കുന്ന ബ്രാഹ്മണിക്കൽ രീതികളോടുള്ള അഭിനിവേശം, ഞാൻ വന്നാൽ ബിജെപി വളരുമെന്ന അഹന്ത ഇതൊക്കെയാണ് ശ്രീധരനെ കുടുക്കിയത്. ഏറ്റവുമൊടുവിൽ സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരായി ഒന്നിച്ച് പോരാടാനുള്ള കേരളത്തിന്റെ മനസ്സും ശ്രീധരന്റെ അമിത ആത്മവിശ്വാസത്തിന്റെ മേൽ ആണിയടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസൻ പറഞ്ഞതാണ് ഓർമ വരുന്നത്. ഒടുവിൽ പവനായി ശവമായി.

Share this story