തോൽവിയുടെ ആഘാതം വിട്ടുമാറാതെ കോൺഗ്രസ്; ഇനി ആഭ്യന്തര കലഹത്തിന്റെ നാളുകൾ

തോൽവിയുടെ ആഘാതം വിട്ടുമാറാതെ കോൺഗ്രസ്; ഇനി ആഭ്യന്തര കലഹത്തിന്റെ നാളുകൾ

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതം കോൺഗ്രസിനെ അടുത്ത കാലത്തൊന്നും വിട്ടുപോകില്ല. പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഇനി ആഭ്യന്തര കലഹം രൂക്ഷമാകുമെന്നുറപ്പാണ്. തലമുറ മാറ്റമെന്ന കാലങ്ങളായുള്ള ആവശ്യം ഇനി ശക്തമാകുകയും ചെയ്യും

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള സാധ്യത കുറവാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കണമെന്ന ആവശ്യത്തിനും ശക്തി കൂടും. തോൽവി പഠിക്കാനായി രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ ചേരുന്നുണ്ട്

ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം മാറുകയാണെങ്കിൽ വി ഡി സതീശനെ പരിഗണിച്ചേക്കും. അതേസമയം തോൽവിയുടെ മുഴുവൻ കുറ്റവും ചെന്നിത്തലയുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കത്തിനെതിരെ സർവ ശക്തിയുമെടുത്ത് ഐ ഗ്രൂപ്പ് പൊരുതും.

ലീഗിന്റെ അതൃപ്തിയും ഇതിനിടയിൽ രൂക്ഷമാകുന്നുണ്ട്. കോൺഗ്രസിനൊപ്പം ഇനി എത്രകാലം വിശ്വസിച്ച് നിൽക്കാനാകുമെന്ന ചോദ്യം ലീഗ് അണികളിൽ തന്നെ ഉയരുന്നുണ്ട്. ഹൈക്കമാൻഡിന് കൂടി ഏറ്റ പരാജയമാണ് കേരളത്തിലേത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദിവസങ്ങളോളം വന്ന് അലഞ്ഞിട്ടും യാതൊരു ഫലവും കേരളത്തിൽ നിന്നുണ്ടാക്കാനായില്ല.

Share this story