രാമചന്ദ്രനെ മാറ്റി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മതനിരപേക്ഷതയുള്ള നേതാക്കളെ കൊണ്ടുവരണം: സമസ്ത മുഖപത്രം

രാമചന്ദ്രനെ മാറ്റി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മതനിരപേക്ഷതയുള്ള നേതാക്കളെ കൊണ്ടുവരണം: സമസ്ത മുഖപത്രം

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ഇകെ സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതം. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തിൽ രാമചന്ദ്രൻ ഇടപെട്ടില്ല. കെ മുരളീധരന്റെ പ്രചാരണത്തിന് രാമചന്ദ്രൻ പോയില്ലെന്നും സുപ്രഭാതം വിമർശിക്കുന്നു

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് രാമചന്ദ്രനെ മാറ്റി മതനിരപേക്ഷതയുള്ള നേതാക്കളെ കൊണ്ടുവരണമെന്നും സുപ്രഭാതം ആവശ്യപ്പെട്ടു. സിഎഎ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും അതേ കുറിച്ച് ഒരക്ഷരം പറയാത്ത കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു രാമചന്ദ്രൻ. നേമത്ത് മതേതര ജനാധിപത്യവാദിയായ എല്ലാ അർഥത്തിലും കെ കരുണാകരന്റെ പിൻഗാമിയായ മുരളീധരൻ മത്സരിച്ചപ്പോൾ അങ്ങോട്ട് എത്തിനോക്കാൻ പോലും മുല്ലപ്പള്ളി തയ്യാറായില്ല

തന്നെ ക്ഷണിക്കാത്തതിനാലാണ് നേമത്ത് പോകാത്തത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ക്ഷണിക്കാനായി നേമത്ത് എന്താ മുരളീധരന്റെ മകളുടെ വിവാഹമാണോ നടന്നതെന്നും മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു. ആർക്ക് കര കയറ്റാനാകും കോൺഗ്രസിനെ ഈ പതനത്തിൽ നിന്ന് എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാക്കിയതിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നും ഒരു നയമോ പരിപാടിയോ കേരളത്തിലെ കോൺഗ്രസിന് ഇല്ലെന്നും മുഖപ്രസംഗം പറയുന്നു.

Share this story