കേരളത്തിന് ആയിരം മെട്രിക് ടൺ ഓക്‌സിജനും 75 ലക്ഷം കൊവിഡ് വാക്‌സിനും അനുവദിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളത്തിന് ആയിരം മെട്രിക് ടൺ ഓക്‌സിജനും 75 ലക്ഷം കൊവിഡ് വാക്‌സിനും അനുവദിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്‌സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ആവശ്യമുന്നയിച്ചത്. രണ്ടാംതരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ സ്‌റ്റോക്ക് വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.

ഓക്‌സിജൻ സ്‌റ്റോക്ക് വളരെ വേഗം കുറയുന്നു. മതിയായ കരുതൽ ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്. ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 50 ടൺ കൂടി സംസ്ഥാനത്തിന് നീക്കി വെക്കണം.

കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. കേരളത്തിന് കഴിയാവുന്നത്ര ഓക്‌സിജൻ ടാങ്കറുകൾ, പി എസ് എ പ്ലാന്റുകൾ, ഓക്‌സിജൻ കോൺസൺട്രേറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം

സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 25 ലക്ഷം ഡോസ് കൊവാക്‌സിനും അനുവദിക്കണം. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാരുമായി യോജിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.

Share this story