വിപ്ലവ നക്ഷത്രത്തിന് വിട: കെ ആർ ഗൗരിയമ്മ അന്തരിച്ചു

വിപ്ലവ നക്ഷത്രത്തിന് വിട: കെ ആർ ഗൗരിയമ്മ അന്തരിച്ചു

കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കടുത്ത അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നക്ഷത്രമായിരുന്നു ഗൗരിയമ്മ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്കിറങ്ങിയ ഗൗരിയമ്മ പതിറ്റാണ്ടുകളോളം സംസ്ഥാന രാഷ്ട്രീയത്തിലെ നിർണായക സാന്നിധ്യമായിരുന്നു. കർഷക പ്രസ്ഥാനങ്ങളിലൂടെയും ട്രേഡ് യൂനിയൻ പ്രവർത്തനങ്ങളിലൂടെയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്ക് അവർ ഉയർന്നുവന്നത്

തിരുക്കൊച്ചി നിയമസഭയിലേക്ക് രണ്ട് തവണ ജനവിധി നേടിയ ഗൗരിയമ്മ 1957ലെ ഇ എം എസ് മന്ത്രിസഭയിൽ റവന്യു മന്ത്രിയായിരുന്നു. കേരളത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ച കേരളാ കാർഷിക പരിഷ്‌കരണ നിയമം പാസാക്കിയത് ഗൗരിയമ്മയാണ്. വിവിധ സർക്കാരുകളിലായി അഞ്ച് തവണ മന്ത്രിയായി.

1957ൽ മന്ത്രിയായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. ടിവി തോമസ് സിപിഐക്കൊപ്പമായിരുന്നു. 1987ൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1994ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതേ വർഷം ജെ എസ് എസ് എന്ന പാർട്ടി രൂപീകരിച്ചു. 2016 വരെ യുഡിഎഫിലായിരുന്നു ജെ എസ് എസ്. പിന്നീട് ജെ എസ് എസിനെ സിപിഎം എൽഡിഎഫിലേക്ക് ക്ഷണിതാവ് സ്ഥാനം നൽകി കൊണ്ടുവരികയായിരുന്നു.

Share this story