തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം: നിരവധി വീടുകൾ തകർന്നു, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷം: നിരവധി വീടുകൾ തകർന്നു, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രതിഫലനമായി കേരളത്തിന്റെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷം. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമായി. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ കടൽക്ഷോഭത്തിൽ മൂന്ന് വീടുകൾ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി ജില്ലയിൽ 356 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്

ആലപ്പാട് പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കും. പരവൂർ തീരദേശ റോഡ് കടൽ കയറി ഭാഗികമായി തകർന്നു. ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ചുതെങ്ങ്, പൂത്തുറ, പെരുമാതുറ മേഖലകളിലും കടൽക്ഷോഭം രൂക്ഷമാണ്. 180 വീടുകളിൽ വെള്ളം കടയറി. ജില്ലയിൽ 263 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തൃശ്ശൂരിൽ ചാവക്കാട്, കൊടുങ്ങല്ലൂർ മേഖലകളിൽ കടൽക്ഷോഭം ശക്തമായി. ചാവക്കാട് നിരവധി വീടുകളിൽ വെള്ളം കയറി. കടപ്പുറം, അഞ്ചങ്ങാടി വളവ്, വെളിച്ചെണ്ണപ്പടി, ആശുപത്രിപ്പടി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.

Share this story