ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു: വടക്കൻ കേരളത്തിൽ റെഡ് അലർട്ട്; സംസ്ഥാനത്താകെ കനത്ത മഴ

ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു: വടക്കൻ കേരളത്തിൽ റെഡ് അലർട്ട്; സംസ്ഥാനത്താകെ കനത്ത മഴ

അറബിക്കടലിൽ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനിടയിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കൂടുതൽ ശക്തിയാർജിക്കും. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. കണ്ണൂരിൽ ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പലയിടങ്ങളിലും മരങ്ങളും മറ്റും വീണ് വൈദ്യുതി തടസ്സപ്പെട്ടു. കാസർകോട്, വയനാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്

തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയുമുണ്ടായി. ചാവക്കാട് കൈപ്പമംഗലം എന്നിവിടങ്ങളിൽ കടലാക്രമണത്തിൽ നൂറോളം വീടുകളിൽ വെള്ളം കയറി. 105 പേരെ ക്യാമ്പിലേക്ക് മാറ്റി. ചേർപ്പിൽ വീട് തകർന്നു. ഇരിങ്ങാലക്കുടിയിൽ പലയിടങ്ങളിലും മരങ്ങൾ വീണു.

കൊല്ലത്ത് അർധരാത്രിയോടെ മഴ കുറഞ്ഞു. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടു. ആലപ്പുഴയിലും പുലർച്ചെയോടെ മഴയുടെ ശക്തി കുറഞ്ഞു. ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കോട്ടയത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

കോഴിക്കോട് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കൊയിലാണ്ടി, ബേപ്പൂർ, തോപ്പയിൽ, കോതി എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിലും മഴ ശക്തമായി തുടരുകയാണ്.

Share this story