കൊടുങ്ങല്ലൂരിലും ചെല്ലാനത്തും കടലാക്രമണം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി

കൊടുങ്ങല്ലൂരിലും ചെല്ലാനത്തും കടലാക്രമണം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി

സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. ദുരിതാശ്വാസ ക്യമ്പുകളിലേയ്ക്ക് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. തൃശൂരിലെ കൊടുങ്ങല്ലൂരിലും എറണാകുളത്തെ ചെല്ലാനത്തും കടല്‍ക്ഷോഭം ശക്തമായി തുടരുകയാണ്.

കൊടുങ്ങല്ലൂരിലെ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എറിയാട് പഞ്ചായത്തിലും ശ്രീനാരായണപുരം പഞ്ചായത്തിലും ഒന്ന് വീതവും എടവിലങ്ങ് പഞ്ചായത്തില്‍ രണ്ട് ക്യാമ്പുകളുമാണ് തുറന്നത്. നാല് ക്യാമ്പുകളിലായി നൂറോളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ ഡിസിസി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളിലേക്ക് മാറ്റും.

ചെല്ലാനത്തുണ്ടായ കടലാക്രമണത്തില്‍ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. എറണാകുളം ജില്ലയിലെ തീരദേശമേഖലയായ ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ദുരിതമാകുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി, ബസാര്‍ അടക്കമുള്ള ഭുരിഭാഗം പ്രദേശങ്ങളിലും കടലാക്രമണം ശക്തമായി തുടരുകയാണ്.

Share this story