നാല് ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങൾ

നാല് ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. ജില്ലാതിർത്തി കടക്കാനും ഇറങ്ങാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു.

അനവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുക എന്നിവക്കെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയർന്ന പോലീസുദ്യോഗസ്ഥരെ ഏൽപ്പിക്കും.

ആൾക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിംഗ് സാങ്കേതിക വിദ്യയും ഉപയോഗിക്കും. പതിനായിരം പോലീസുകാരെയാണ് ഈ ജില്ലകളിൽ നിയോഗിച്ചിരിക്കുന്നത്.

മരുന്നുകട, പെട്രോൾ ബങ്ക് എന്നിവ തുറക്കും. പാൽ, പത്രം എന്നിവ രാവിലെ ആറ് മണിക്ക് മുമ്പ് വീടുകളിലെത്തിക്കണം. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ എന്നിവർക്ക് ഓൺലൈൻ പാസ് വാങ്ങി അടിയന്തര ഘട്ടത്തിൽ യാത്ര ചെയ്യാം. വിമാന യാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്.

ഈ ജില്ലകളിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവർത്തിക്കണം. മറ്റ് പത്ത് ജില്ലകളിൽ നിലവിലുള്ള ലോക്ക് ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story