കളക്ടറുടെ വിശദീകരണം സര്‍വകക്ഷി യോഗം തള്ളി; പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്ന് സൂചന: ലക്ഷദ്വീപില്‍ ഇനിയെന്ത്

കളക്ടറുടെ വിശദീകരണം സര്‍വകക്ഷി യോഗം തള്ളി; പ്രക്ഷോഭത്തിലേയ്ക്ക് കടക്കുമെന്ന് സൂചന: ലക്ഷദ്വീപില്‍ ഇനിയെന്ത്

ലക്ഷദ്വീപിലെ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള കളക്ടറുടെ വിശദീകരണം ലക്ഷദ്വീപിലെ സര്‍വകക്ഷി യോഗം ഐക്യകണ്ഡേന തള്ളുകയായിരുന്നു. ബി.ജെ.പി ഉള്‍പ്പെട്ട സര്‍വകക്ഷിയോഗമാണ് കളക്ടറുടെ വിശദീകരണം തള്ളിയത്. ഓണ്‍ലൈന്‍ വഴിലാണ് യോഗം ചേര്‍ന്നത്. മറ്റന്നാള്‍ വീണ്ടും യോഗം ചേര്‍ന്ന് സര്‍വകക്ഷികള്‍ ഉള്‍ക്കൊണ്ട സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും.

അഡ്മിനിസ്ട്രേറ്ററെ കണ്ട് വിയോജിപ്പുകള്‍ അറിയിച്ച ശേഷം തുടര്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനും നേതാക്കള്‍ തീരുമാനിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാടു തന്നെയാണ് ലക്ഷദ്വീപ് ബി.ജെ.പി ഘടകം ആവര്‍ത്തിച്ചത്. എന്നാല്‍ ബീഫും ചിക്കനും കിട്ടാനില്ലെന്ന വാദം തെറ്റാണെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ നിയമപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കും വരെ പ്രതിഷേധത്തിനൊപ്പം നില്‍ക്കുമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

Share this story