കെ ഫോൺ ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും, സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴിയാക്കും: നയപ്രഖ്യാപനം

കെ ഫോൺ ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും, സർക്കാർ സേവനങ്ങൾ ഓൺലൈൻ വഴിയാക്കും: നയപ്രഖ്യാപനം

സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കും; ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും: നയപ്രഖ്യാപനം
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും മുൻ സർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. ജനാധിപത്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കും. സ്ത്രീ സമത്വത്തിന് പ്രാധാന്യം നൽകും. കൊവിഡ് ഒന്നാം തരംഗത്തിൽ സമഗ്ര പാക്കേജ് നടപ്പാക്കി. കൊവിഡ് മരണനിരക്ക് നിയന്ത്രിച്ചു നിർത്താൻ സാധിച്ചു. നാനൂറ് കോടി രൂപ ചെലവ് വരുന്ന ഭക്ഷ്യക്കിറ്റുകൾ 19 ലക്ഷം കുടുംബങ്ങൾക്ക് നൽകി

ആരോഗ്യമേഖലയിലെ സമഗ്ര പാക്കേജിനായി ആയിരം കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ വായ്പ നൽകി. പെൻഷൻ ഉൾപ്പെടെയുള്ള കുടിശ്ശിക തീർപ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു. കൊവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചുവെന്നും ഗവർണർ പ്രസംഗത്തിൽ പറഞ്ഞു.

6.6 ശതമാനം സാമ്പത്തിക വളർത്തയാണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം. എന്നാൽ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തിൽ കുറവുണ്ടായേക്കാം. സാമ്പത്തിക വളർത്ത കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് കൊവിഡ് ഭീഷണിയാകുന്നു. കെ ഫോൺ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. കെ ഫോൺ അടക്കമുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും

വായ്പാ പരിധി ഉയർത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഫെഡറലിസത്തിന് ചേർന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. അഞ്ച് വർഷം കൊണ്ട് കാർഷിക ഉത്പാദനം 50 ശതമാനം വർധിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജലഗതാഗത പദ്ധതി വേഗത്തിലാക്കും. കേരളാ ബാങ്ക് ആധുനികവത്കരണം വേഗത്തിലാക്കും. കൂടുതൽ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരും. സർക്കാർ സേവനങ്ങൾ എല്ലാം ഓൺലൈൻ വഴി ലഭ്യമാക്കുമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു.

Share this story