സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത; തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മൂന്നിന് മുമ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത; തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മൂന്നിന് മുമ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ അടുത്ത അഞ്ച് ദിവസത്തേക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

അടുത്തിടെ രണ്ട് ചുഴലിക്കാറ്റുകളുണ്ടായ സാഹചര്യത്തില്‍ കാലവര്‍ഷം തിങ്കളാഴ്ച എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു.

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ മഴ ആയിരിക്കും നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ആകെ ലഭിക്കുന്ന ശരാശരി മഴയേക്കുറിച്ചുള്ള പ്രവചനം മാത്രമാണിത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

മെയ് 30 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍

മെയ് 31 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 1 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍

ജൂണ്‍ 2: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ജൂണ്‍ 3: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

Share this story