ഈ സർക്കാരിന്റെ വികസന നയം ഇരകളെ സൃഷ്ടിക്കുന്നതാണെന്ന് കെ കെ രമ നിയമസഭയിൽ

ഈ സർക്കാരിന്റെ വികസന നയം ഇരകളെ സൃഷ്ടിക്കുന്നതാണെന്ന് കെ കെ രമ നിയമസഭയിൽ

നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ലെന്ന് വടകര എംഎൽഎ കെ കെ രമ. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പ്രതിപക്ഷവും പൊതുസമൂഹവും ഉയർത്തിയിരുന്നു. അക്കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല

ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സർക്കാരും അതേ പോലീസ് നയമാണോ സ്വീകരിക്കുകയെന്നും രമ ചോദിച്ചു

ഈ സർക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സർക്കാർ ലജ്ജയില്ലാതെ പറയുന്നു. കെ റെയിൽ പോലെയുള്ള പദ്ധതി ആയിരക്കണക്കിന് ആളുകളെ പുറന്തള്ളുന്നതാണ്. ഇരുപതിനായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ഈ പദ്ധതി ആർക്കുവേണ്ടിയാണ്. കിഫ്ബി ഒരു വായ്പാ കെണിയാണെന്ന് തുറന്നുപറയാൻ സർക്കാർ തയ്യാറാകണമെന്നും കെ കെ രമ പറഞ്ഞു.

Share this story