നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം

നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാരായ പോലീസുകാരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം. പോലീസ് മേധാവിക്ക് ഇതുസംബന്ധിച്ച ഉത്തരവ് നൽകി. ആറ് പോലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ച് പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും നിർദേശിച്ചു

കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നിർദേശപ്രകാരമാണ് നടപടി. കസ്റ്റഡി മരണത്തെ തുടർന്നാണ് മരണമെന്നും പോസ്റ്റ്‌മോർട്ടം പോലും പോലീസ് അട്ടിമറിച്ചതായും കമ്മീഷൻ നിരീക്ഷിച്ചിരുന്നു.

2019 ജൂൺ 12നാണ് വാഗമൺ സ്വദേശി രാജ്കുമാറിനെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടുകിട്ടാനെന്ന പേരിൽ നാല് ദിവസത്തോളം മർദിച്ചു. മരിക്കാറായപ്പോൾ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ ജൂൺ 21ന് ജയിലിൽ വെച്ച് മരിച്ചു. ഹൃദയാഘാതമെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. പിന്നീട് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് അന്വേഷണം നടന്നതും നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ് ഐ സാബു അടക്കമുള്ള പോലീസുകാരെ കുറ്റക്കാരായി കണ്ടെത്തിയതും.

Share this story