സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കനത്ത മഴ: വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ കനത്ത മഴ: വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളില്‍ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴയിലാണ്, നാല് സെന്റി മീറ്റര്‍. മാവേലിക്കര, നീലേശ്വരം എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ജൂണ്‍ 12 മുതല്‍ ജൂണ്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശവും ഓറഞ്ച്, യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 15ന് ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് മേല്‍ പറഞ്ഞ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.

Share this story