സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണം: ഇന്നലെ പിടിച്ചെടുത്തത് ആയിരക്കണക്കിന് വാഹനങ്ങള്‍

സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണം: ഇന്നലെ പിടിച്ചെടുത്തത് ആയിരക്കണക്കിന് വാഹനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണം ഇന്നും തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. ഹോട്ടലുകളില്‍ നിന്ന് ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസം അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 5346 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2003 പേരാണ് ഇന്ന് അറസ്റ്റിലായത്. 3645 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10943 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നിലവില്‍ ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് മാത്രമാണ് ഉണ്ടാകുന്നത് എന്നിരിക്കെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന. ടിപിആര്‍ 15 ശതമാനത്തിന്റെ താഴെ എത്തിയെങ്കിലും പ്രതീക്ഷിച്ച കുറവ് സംഭവിക്കാത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മലപ്പുറത്ത് തീവ്ര രോഗവ്യാപനം നിയന്ത്രണവിധേയമായി. എന്നാല്‍, തിരുവനന്തപുരം ജില്ലയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Share this story