കെ.എസ്.ആര്‍.ടി.സി സര്‍വീസ് സംബന്ധിച്ച സര്‍ക്കുലര്‍ ഇറങ്ങി

കെ.എസ്.ആര്‍.ടി.സി സര്‍വീസ് സംബന്ധിച്ച സര്‍ക്കുലര്‍ ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി പരിമിതമായ രീതിയില്‍ സര്‍വീസ് നടത്തും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കി.

യാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ബസുകള്‍ സര്‍വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി എന്നീ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ ബസുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളെയാണ് സി, ഡി എന്നീ കാറ്റഗറികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിലവിലെ ഡ്യൂട്ടി പാറ്റേണ്‍ തുടരും. ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ എന്ന നിലയില്‍ യാത്രക്കാരുടെ ആവശ്യാനുസരണമാകും സര്‍വീസ് നടത്തുക. യാത്രക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാകുക. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കും.

Share this story