സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍: യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍: യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭക്ഷ്യോത്പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാല്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കള്ളുഷാപ്പുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ഇവ പ്രവര്‍ത്തിക്കുക. ഹോട്ടലുകളില്‍ നിന്നും പരമാവധി ഹോം ഡെലിവറി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഈ സൗകര്യമില്ലാത്തയിടങ്ങളില്‍ പാഴ്‌സല്‍ ആകാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. ഭക്ഷണം വാങ്ങാന്‍ പോകുന്നവര്‍ കയ്യില്‍ സത്യവാങ്മൂലം കരുതണം.

അവശ്യ സേവന മേഖലയിലുള്ളവര്‍ക്ക് മാത്രമാണ് യാത്രയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പരിമിതമായ രീതിയിലാകും നടക്കുക. അതേസമയം, നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ഇക്കാര്യം മുന്‍കൂട്ടി പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍ തുടരും.

Share this story