ചികിത്സക്കിടയിൽ മരിച്ച രോഗിയുടെ മൃതദേഹം 15 മണിക്കൂർ വാർഡിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

ചികിത്സക്കിടയിൽ മരിച്ച രോഗിയുടെ മൃതദേഹം 15 മണിക്കൂർ വാർഡിൽ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സക്കിടയിൽ മരിച്ച 52 കാരന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

ഇക്കഴിഞ്ഞ 12 നാണ് രോഗി മരിച്ചത്. സൈക്യാട്രി, ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരാണ് വാർഡിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. രോഗി മരിച്ചതോടെ മൃതദേഹം വാർഡിന്റെ ഒരു മൂലയിലേക്കു മാറ്റിയ ശേഷം 15 മണിക്കൂർ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയിൽ ഉന്നയിക്കുന്നു.

ബന്ധുക്കളും രോഗികളും ബഹളം കൂട്ടിയതിനെ തുടർന്നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. വാർഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതർ അന്വേഷണം നടത്തി മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വാർഡിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടന്നും പരാതിയിൽ വ്യക്തമിക്കയിട്ടുണ്ട്.

Share this story