വിസ്മയ ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

വിസ്മയ ആത്മഹത്യ ചെയ്യില്ല; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

കൊല്ലം ശാസ്താംകോട്ട പോരുവഴിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് മരിച്ച വിസ്മയയുടെ കുടുംബം. വിസ്മയ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ല. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.

ഭർത്താവ് കിരണിന്റെ അമ്മയും വിസ്മയയെ മർദിച്ചതായി വിസ്മയയുടെ സുഹൃത്ത് വഴി അറിഞ്ഞതായും പിതാവ് പറയുന്നു. ഫാദേഴ്‌സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസയറിയിക്കാൻ ശ്രമിച്ചതാണ് അവസാന തർക്കത്തിന് കാരണമായത്. വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിച്ചു.

കാറിന് മൈലേജ് ഇല്ല, കൊള്ളത്തില്ല, വേറെ വണ്ടി വേണം. അല്ലെങ്കിൽ പണം വേണമെന്നതായിരുന്നു കിരണിന്റെ ആവശ്യം. സിസി ഇട്ട് എടുത്ത വണ്ടിയായതിനാൽ ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള ശിക്ഷ കിരണിന് ലഭിക്കണമെന്നും ത്രിവിക്രമൻ നായർ പറഞ്ഞു

മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ട്. നാല് ദിവസം മുമ്പ് കിരണിന്റെ അമ്മ വിസ്മയയെ അടിച്ചതായി കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നായിരുന്നു പ്രതികരണം.

മൃതദേഹം കണ്ടാൽ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമൊന്നുമില്ല. നെറ്റിയിലും കഴുത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ ഉള്ളതിനാൽ ഇതൊരു കൊലപാതകമാണെന്ന് നല്ല സംശയമുണ്ട്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവൻ ചെയ്തതാകുമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തിൽ രക്തമില്ല. എന്നാൽ തുടയിൽ രക്തവുമുണ്ടെന്ന് പിതാവ് പറയുന്നു.

Share this story