ഒരു തുള്ളി പോലും പാഴായില്ല: സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി

ഒരു തുള്ളി പോലും പാഴായില്ല: സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി

സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോർജ്. 1,00,69,673 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. 26,89,731 പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകി. ഒന്നാം ഡോസും രണ്ടാം ഡോസും കൂടി 1,27,59,404 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്. 1,24,01,800 ഡോസ് വാക്‌സിനാണ് സംസ്ഥാനത്തിന് ലഭിച്ചത്. ലഭ്യമായ അധിക ഡോസ് വാക്‌സിൻ പോലും ഉപയോഗപ്പെടുത്താൻ കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് സാധിച്ചു.

മന്ത്രിയുടെ കുറിപ്പ്
വാക്‌സിൻ വിതരണത്തിൽ സംസ്ഥാനം ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. ഒരു കോടിയിലധികം പേർക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞു.കേരളത്തിലെ ആരോഗ്യ പ്രവർത്തകർ പുലർത്തുന്ന ജാഗ്രതയെ ഒരിക്കൽ കൂടി അഭിനന്ദിക്കുകയാണ്.തുള്ളി പോലും പാഴാക്കാതെ വാക്സിൻ സുഗമമായി നടത്തുന്ന വാക്സിൻ ടീമിനെ അഭിനന്ദിക്കുന്നു.

സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാൽ ലഭ്യമായ അധിക ഡോസ് വാക്സിൻ പോലും ഉപയോഗപ്പെടുത്തി അതിനേക്കാൾ കൂടുതൽ പേർക്ക് വാക്സിനെടുക്കാൻ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്സുമാരാണ്. മറ്റ് ചില സംസ്ഥാനങ്ങൾ കിട്ടിയ വാക്സിൻ പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവർത്തനം ദേശീയ ശ്രദ്ധ നേടിയത്.

26,89,731 പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നൽകിയത്. 12,33,315 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിൻ വീതം നൽകിയിട്ടുണ്ട്.

സ്ത്രീകളാണ് പുരുഷൻമാരേക്കേൾ കൂടുതൽ വാക്സിൻ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷൻമാരും വാക്സിൻ സ്വീകരിച്ചു.
വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതൽ പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

 

Share this story