സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് 14 കേസുകളും. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ആരോഗ്യപ്രവർത്തകരാണ്. രോഗം സ്ഥിരീകരിച്ചവരുടെ നില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 15 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്

ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. പകലാണ് ഈ കൊതുകുകൾ വ്യാപകമായി കാണാറുള്ളത്. കഴിഞ്ഞ മാസം 28നാണ് തലസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചത്. പാറശ്ശാല സ്വദേശിയായ ഗർഭിണിക്കായിരുന്നു രോഗബാധ. കഴിഞ്ഞ ദിവസം ഇവർ പ്രസവിച്ചു. അമ്മയും കുഞ്ഞും ആരോഗ്യപ്രശ്‌നങ്ങളില്ലാതെ സുരക്ഷിതരാണ്

പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് സിക്ക വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. രണ്ട് മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. മൂന്ന് മതുൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. മരണം അപൂർവമാണ്.

ഗർഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കാറുള്ളത്. ഗർഭകാലത്തുള്ള സിക്കറ്റ വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗവൈകല്യത്തിനും കാരണമാകും. നിലവിൽ സിക്ക വൈറസിനെ പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്ന് ലഭ്യമല്ല. രോഗലക്ഷണങ്ങൾ ഉള്ളവർ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

Share this story