സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജം: പൂനെയിൽ നിന്നും പിസിആർ കിറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി

സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജം: പൂനെയിൽ നിന്നും പിസിആർ കിറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താൻ സംസ്ഥാനം സുസജ്ജം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ എൻഐവി യൂണിറ്റ് എന്നിവിടങ്ങളിൽ ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

എൻഐവി പൂനയിൽ നിന്നും വൈറസ് പരിശോധന നടത്താൻ കഴിയുന്ന 2100 പിസിആർ കിറ്റുകൾ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം 1000, തൃശൂർ 300, കോഴിക്കോട് 300, ആലപ്പുഴ എൻഐവി 500 എന്നിങ്ങനെയാണ് ടെസ്റ്റ് കിറ്റുകൾ ലഭിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക എന്നിവ പരിശോധിക്കാൻ കഴിയുന്ന 500 ട്രയോപ്ലക്സ് കിറ്റുകളും സിക്ക വൈറസ് മാത്രം പരിശോധിക്കാൻ കഴിയുന്ന 500 സിങ്കിൾ പ്ലക്സ് കിറ്റുകളുമാണ് ലഭിച്ചത്. മറ്റ് മൂന്ന് ലാബുകളിൽ സിക്ക പരിശോധിക്കാൻ കഴിയുന്ന സിങ്കിൾ പ്ലക്സ് കിറ്റുകളാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

സിക്ക വൈറസ് പരിശോധന നടത്തുന്നത് രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ്. രക്തത്തിൽ നിന്നും സിറം വേർതിരിച്ചാണ് പിസിആർ പരിശോധന നടത്തുന്നത്. തുടക്കത്തിൽ ഒരു പരിശോധനയ്ക്ക് എട്ട് മണിക്കൂറോളം സമയമെടുക്കും. സംസ്ഥാനത്ത് കൂടുതൽ ലാബുകളിൽ സിക്ക വൈറസ് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം. മെഡിക്കൽ കോളേജുകൾക്ക് പുറമേയുള്ള കേസുകൾ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് വീണാ ജോർജ് വിശദമാക്കി.

Share this story