ഓൺലൈൻ ക്ലാസ്: സംവാദാത്മക ക്ലാസ്സുകള്‍ തുടങ്ങും; വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾക്കായി പ്രത്യേക ഫണ്ട്

ഓൺലൈൻ ക്ലാസ്: സംവാദാത്മക ക്ലാസ്സുകള്‍ തുടങ്ങും; വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾക്കായി പ്രത്യേക ഫണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസത്തിനായുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കാൻ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക വെബ് പോർട്ടൽ നിർമിച്ച് അതിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിറ്റൽ ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകുന്ന സംവിധാനം ഏർപ്പെടുത്തും. സംഭാവന സ്വീകരിക്കാന്‍ സിഎംഡിആര്‍എഫിന്‍റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്‍റ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വായ്പയോ ചിട്ടിയോ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടങ്ങും മുഖ്യമന്ത്രി പറഞ്ഞു.

വിവേചനരഹിതമായി എല്ലാവര്‍ക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസ്സില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കും. ഇതിന് പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ഉറപ്പാക്കാനുള്ള ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്, മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കെല്ലാം ഉപകരണങ്ങള്‍ ലഭ്യമാക്കും. ആദിവാസി വിഭാത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമുള്ള ഊരുകളില്‍ പഠന മുറികള്‍ ഒരുക്കും. കണക്ടിവിറ്റി പ്രശ്നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ട്, മുഖ്യമന്ത്രി അറിയിച്ചു.

ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നല്‍കിയാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവരുണ്ട്. അവര്‍ക്ക് സഹകരണ ബാങ്കുകള്‍ ഇതിനകം പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ച് നല്‍കുമ്പോള്‍ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാന്‍ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം, മുഖ്യമന്ത്രി പറഞ്ഞു.

ഉപകരണങ്ങള്‍ ആവശ്യമായ കുട്ടികളുടെ എണ്ണം ഡിജിറ്റല്‍ വിദ്യഭ്യാസം ഉപ്പാക്കാനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിനായി വികസിപ്പിച്ച പോര്‍ട്ടലില്‍ ലഭ്യമാക്കും. ഈ പോര്‍ട്ടലില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ടും ഇതിനായി വിനിയോഗിക്കാവുന്നതാണ്.

പൊതുനന്മാഫണ്ട് പ്രയോജനപ്പെടുത്താന്‍ പ്രത്യേക പ്രോജക്ട് തയ്യാറാക്കി നല്‍കാനുള്ള സംവിധാനവും പോര്‍ട്ടലിന്‍റെ ഭാഗമായി ഒരുക്കും. സംഭാവന സ്വീകരിക്കാന്‍ സിഎംഡിആര്‍എഫിന്‍റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ എംപവര്‍മെന്‍റ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

Share this story