ഐ എൻ എൽ സംഘർഷത്തിൽ കടുത്ത അതൃപ്തിയുമായി എൽഡിഎഫ്; നേതാക്കൾക്കെതിരെ കേസെടുക്കും

ഐ എൻ എൽ സംഘർഷത്തിൽ കടുത്ത അതൃപ്തിയുമായി എൽഡിഎഫ്; നേതാക്കൾക്കെതിരെ കേസെടുക്കും

കൊച്ചിയിൽ നടന്ന ഐഎൻഎൽ നേതൃയോഗത്തിൽ ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ എൽഡിഎഫിന് കടുത്ത അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിച്ച ഐഎൻഎല്ലിന് മന്ത്രിസ്ഥാനവും നൽകിയിരുന്നു. എന്നാൽ അധികാരത്തിലേറി മൂന്ന് മാസമാകുമ്പോഴേക്കും പാർട്ടിയിലെ പടല പിണക്കങ്ങൾ തെരുവ് യുദ്ധത്തിലേക്ക് വഴിമാറുകയാണ്

മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി തന്നെ നേരത്തെ പരാതിപ്പെട്ടിരുന്നു. പിന്നാലെ ഐഎൻഎല്ലിന് അനുവദിച്ച പി എസ് സി അംഗത്വം നേതൃത്വം വിറ്റുവെന്ന ആരോപണം ഉയർന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും തമ്മിലുള്ള അഭിപ്രായ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ സിപിഎം ഇടപെട്ടിരുന്നു

നേതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കി ഒന്നിച്ചു പോകണമെന്ന നിർദേശം സിപിഎം നേതാക്കൾ നൽകിയിരുന്നതാണ്. തൊട്ടുപിന്നാലെയാണ് ഇന്ന് തെരുവിൽ കിടന്ന് പ്രവർത്തകർ ചേരിതിരിഞ്ഞ് അടിയുണ്ടാക്കുന്ന സ്ഥിതി വന്നത്.

കൊവിഡ് മാനദണ്ഡം ലംഘിച്ച് യോഗം ചേർന്നതിലും തെരുവിൽ തമ്മിൽ തല്ലുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തേക്കും. യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഒഴിവാക്കിയാകും കേസെടുക്കുക.

Share this story