കേരളത്തിലെ കൊവിഡ് പ്രതിരോധം പൊളിഞ്ഞു പാളീസായെന്ന് കുഞ്ഞാലിക്കുട്ടി; മറുപടിയുമായി സർക്കാർ

കേരളത്തിലെ കൊവിഡ് പ്രതിരോധം പൊളിഞ്ഞു പാളീസായെന്ന് കുഞ്ഞാലിക്കുട്ടി; മറുപടിയുമായി സർക്കാർ

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം. വിഷയത്തിൽ നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കൊവിഡ് പ്രതിരോധത്തിൽ കേരളം പൊളിഞ്ഞുപാളീസായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു

ലോകത്തിലെ ഏറ്റവും മോശമായ അവസ്ഥയാണ് നിലവിൽ കേരളത്തിലേത്. സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമായി. വ്യാപാരികൾ, കൂലിവേലക്കാർ, ചെറുകിട കച്ചവടക്കാർ അങ്ങനെയാരും സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിൽ അല്ല ഉള്ളത്. എല്ലാവരും വലിയ ദുരിതത്തിലാണ്. ഇത് പരിഹരിക്കാൻ ജനങ്ങൾക്ക് നേരിട്ട് പണം നൽകണം.

സർക്കാരിനെ കുറ്റം പറയാൻ വേണ്ടിയല്ല, മറിച്ച് സംസ്ഥാനത്തെ യഥാർഥ സാഹചര്യം ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടി. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ശമ്പളം പോലും കൊടുക്കാനാകാത്ത സ്ഥിതിയാണ്. കേരളത്തിൽ സാമൂഹിക പെൻഷൻ അടക്കം പ്രതിമാസം 1600 കോടി രൂപയുടെ പെൻഷൻ വിതരണം ചെയ്യുന്നുണ്ട്

നാട് എങ്ങോട്ടോ പൊയ്‌ക്കോട്ടെ സർക്കാരിനെ കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിപക്ഷം മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. 49 ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് വന്നിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും 80 ശതമാനത്തോളം പേർക്കും കൊവിഡ് വന്നുപോയിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ വാക്‌സിനേഷൻ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story