22 മണിക്കൂർ: എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ 5 മണിയോടെ
Updated: Aug 23, 2023, 08:29 IST

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടന്ന ഇഡി റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ 5 മണിയോടെ. ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡ് 22 മണിക്കൂറുകളോളം നീണ്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എ സി മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടന്നത്.
നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടന്നത്. 25 കോടി രൂപയുടെ വായ്പ ലഭിച്ച നാല് പേർ മൊയ്തീന്റെ ബിനാമികളാണെന്നാണ് ആരോപണം. കൊച്ചി ഇഡി അഡീഷണൽ ഡയറക്ടർ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് മൊയ്തീന്റെ വീട്ടിലെത്തിയത്.