24 മണിക്കൂർ പിന്നിട്ട് വിലാപ യാത്ര; പ്രിയ നേതാവിന് കണ്ണീരോടെ വിട നൽകി പതിനായിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര 24 മണിക്കൂർ പിന്നിട്ടിട്ടും കോട്ടയം തിരുനക്കര എത്തിയില്ല. ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടെങ്കിലും നിലവിൽ ചങ്ങനാശ്ശേരി കഴിഞ്ഞ് തിരുനക്കരയിലേക്കുള്ള യാത്രയിലാണ് വിലാപയാത്ര. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കനത്ത മഴയുമൊക്കെ അവഗണിച്ച് ആയിരങ്ങൾ പാതയ്ക്ക് ഇരുവശവും തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ തടിച്ചുകൂടിയതോടെയാണ് യാത്ര ഇഴഞ്ഞുനീങ്ങുന്നത്.
ഉമ്മൻ ചാണ്ടിയെ കേരള ജനത എത്രത്തോളം സ്‌നേഹിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് വിലാപയാത്ര. ഇന്നലെ ഉച്ചയോടെ കോട്ടയം തിരുനക്കര എത്തുമെന്ന പ്രതീക്ഷയോടെയാണ് വിലാപയാത്ര ആരംഭിച്ചത്. എന്നാൽ ആദ്യ 53 കിലോമീറ്റർ തന്നെ പിന്നിട്ടത് നീണ്ട ഒമ്പത് മണിക്കൂർ നേരമെടുത്താണ്. രാത്രിയായിട്ടും ജനക്കൂട്ടത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല.
അതേസമയം ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ഇന്ന് എത്തും. രാവിലെ കൊച്ചിയിൽ വിമാനമിറങ്ങുന്ന രാഹുൽ സ്വകാര്യ ഹോട്ടലിൽ വിശ്രമിച്ച ശേഷം 12 മണിയോടെ പുതുപ്പള്ളിയിലേക്ക് തിരിക്കും.