പുതുപ്പള്ളിയിൽ 72.91 ശതമാനം പോളിങ്; ആത്മവിശ്വാസത്തിൽ സ്ഥാനാർഥികൾ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതോടെ ഒഴിവു വന്നപുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിങ്. 1,76,412 വോട്ടർമാരിൽ 1,28,624 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണു പ്രാഥമിക കണക്ക്. 86,131 പുരുഷന്മാരിൽ 64,084 പേരും 90,277 സ്ത്രീകളിൽ 64,538 പേരും 4 ട്രാൻസ്ജെൻഡർമാരിൽ 2പേരും വോട്ട് രേഖപ്പെടുത്തി. അന്തിമ പോളിങ് ശതമാനവും കണക്കും പ്രിസൈഡിങ് ഓഫിസർമാർ സ്വീകരണ കേന്ദ്രത്തിൽ വിവരങ്ങൾ സമർപ്പിച്ചതിനു ശേഷമേ ലഭ്യമാകൂ.
ചൊവ്വാഴ്ച രാവിലെ 7ന് 182 ബൂത്തുകളിലും കൃത്യസമയത്ത് തന്നെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് 6മണിക്ക് തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ എവിടെയും വോട്ടിങ് യന്ത്രത്തിന് തകരാറുകൾ റിപ്പോർട്ട് ചെയ്തില്ല. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾ കലക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം നിരീക്ഷിച്ചു. ഇടയ്ക്കൊക്കെ കനത്ത മഴ പെയ്തെങ്കിലും വോട്ടിങ്ങിൽ കാര്യമായ കുറവുണ്ടായില്ല.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് മണർകാട് കണിയാംകുന്ന് ഗവ. എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ 9 മണിയോടെ അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല. മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി.