7 വയസ്സുകാരനെ തലയ്ക്കടിച്ചുകൊന്നു, 14കാരി സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഏഴ് വയസ്സുകാരനെ തലയ്ക്കടിച്ചു കൊല്ലുകയും സഹോദരിയായ 14കാരിയെ പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതാവിന്റെ സഹോദരിയുടെ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന സുനിൽകുമാറിനെയാണ്(50) വധശിക്ഷക്ക് വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി. നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു
2021 ഒക്ടോബർ 3ന് പുലർച്ചെ 3 മണിയോടെയാണ് ദാരുണ സംഭവം നടന്നത്. റിയാസ്-സഫിയ ദമ്പതികളുടെ മകൻ റെയ്ഹാനാണ് കൊല്ലപ്പെട്ടത്. സഫിയയുടെ സഹോദരി ഷൈലയുടെ ഭർത്താവാണ് സുനിൽകുമാർ. സഫിയയും ഷൈലയും സൈനബയും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. സുനിൽകുമാറും ഷൈലയും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ഇവർ വേർ പിരിഞ്ഞ് ജീവിക്കാൻ തീരുമാനിച്ചിരുന്നു
വഴക്കിന് കാരണക്കാർ സഫിയയും സൈനബയുമാണെന്നാണ് സുനിൽകുമാർ വിചാരിച്ചിരുന്നത്. 2021 ഒക്ടോബർ 3ന് പുലർച്ചെ മൂന്ന് മണിക്ക് ഇയാൾ ചുറ്റികയുമായി എത്തി സഫിയയെ തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് വീട്ടിൽ ഉറങ്ങിക്കിടന്ന റെയ്ഹാനെ തലയ്ക്കടിച്ചു കൊന്നു. തുടർന്ന് സൈനബയുടെ വീട്ടിലെത്തി സൈനബയെയും ചുറ്റികക്ക് അടിച്ചു വീഴ്ത്തി. ഈ സമയം സഫിയുടെ 14കാരി മകളും ഇവിടെയുണ്ടായിരുന്നു
കുട്ടിയെ ഇയാൾ ഏലത്തോട്ടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനടിെ കുതറിയോടിയ കുട്ടി പുലർച്ചെ വരെ ഏലക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. രാവിലെയായതോടെ അയൽവാസിയുടെ വീട്ടിലെത്തി ഈ കുട്ടിയാണ് വിവരം പുറത്തറിയിക്കുന്നത്.