എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപിക 25,000 രൂപ പിഴ ആവശ്യപ്പെട്ടതിനെ തുടർന്നെന്ന് വെളിപ്പെടുത്തൽ

riya

കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹപാഠി. പേനയിൽ നിന്നുള്ള മഷി ഡെസ്‌കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചെന്നും പിഴയായി 25,000 രൂപ ആവശ്യപ്പെട്ടെന്നും മരിച്ച റിയയുടെ സഹപാഠി പറഞ്ഞു. റിയയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തി. ഇതിൽ മനംനൊന്ത് കരഞ്ഞുകൊണ്ടാണ് റിയ വീട്ടിലേക്ക് പോയതെന്നും സഹപാഠി പറയുന്നു

റിയയുടെ ആത്മഹത്യാക്കുറിപ്പിലും അധ്യാപികയുടെ പേരുണ്ട്. അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിയ പ്രവീണാണ് ആത്മഹത്യ ചെയ്തത്. മഷി ഡസ്‌കിലും ചുമരിലും ആയതിൽ അധ്യാപിക കുട്ടിയെ ശകാരിച്ചിരുന്നു. പെന്നിൽ നിന്നും കയ്യിലേക്ക് പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി പറഞ്ഞെങ്കിലും അധ്യാപി ശകാരം നിർത്തിയില്ല

രക്ഷിതാക്കളെ വിളിച്ചു കൊണ്ടുവന്നാൽ മാത്രമേ ക്ലാസിൽ കയറ്റൂ എന്നും അധ്യാപിക പറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയ റിയ അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതി വെച്ച് ജനലിൽ ഷാൾ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു.
 

Share this story