കലാസംവിധായകൻ സുനിൽ ബാബു അന്തരിച്ചു; അവസാനം പ്രവർത്തിച്ചത് വിജയ് ചിത്രത്തിൽ
Fri, 6 Jan 2023

സിനിമാ കലാ സംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ സുനിൽ ബാബു അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിൽ തിരക്കുള്ള കലാസംവിധായകനായിരുന്നു
വിജയ് നായകനായി എത്തുന്ന വാരിസ് എന്ന സിനിമയിലാണ് അവസാനം പ്രവർത്തിച്ചത്. വിവിധ ഭാഷകളിലായി നൂറോളം സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സാബു സിറിലിന്റെ സഹായി ആയാണ് സിനിമയിലേക്ക് എത്തുന്നത്. അനന്തഭദ്രം എന്ന സിനിമക്ക് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.
അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, പ്രേമം, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ്, എംഎസ് ധോണി, ഗജിനി, ലക്ഷ്യ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.