പൊതു ജനങ്ങൾക്ക് അവബോധം നൽകണം; റോഡരികിലെ കൊടിതോരണങ്ങൾക്കെതിരെ ഹൈക്കോടതി

Court

കൊച്ചി: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അയയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഉചിതമായ സംവിധാനങ്ങളിലൂടെ ഈ ഉത്തരവിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവാൻമാരാക്കണമെന്നും നിയമലംഘനം ആവർത്തിക്കാതെ നോക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

പൊതു സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുമ്പോൾ, അതിൽ ഏജൻസിയുടെ സ്റ്റാമ്പ് ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും. ഭാവിയിൽ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഒപ്പം അനധികൃത ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നത് നിയന്ത്രിക്കാൻ പ്രാദേശിക തലത്തിൽ രൂപീകരിച്ച കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റി കൺവീനർക്ക് റിപ്പോർട്ട് നൽകണം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.

Share this story