മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

Rafi CM

കാട്ടാക്കട : മുഖ്യമന്ത്രി എത്തിയില്ലെങ്കിലും നിവേദനം നൽകാൻ എത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാർഡാം പോലീസാണ് മുഖ്യനെ കാക്കാൻ ഇത്തരമൊരു നടപടിക്ക് മുതിർന്നതും അത് വിവാദമായതും. ഉദ്ഘാടകനായെത്തുന്ന മുഖ്യമന്ത്രിക്കു നിവേദനം നൽകാനെത്തിയ നെയ്യാർഡാം സ്വദേശി അനിൽകുമാറിനെയാണു മുൻകരുതലായി പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

ശനിയാഴ്ച വൈകുന്നേരം നാലിനാണ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തു നീക്കിയത്. അഞ്ചുമണിക്കാണു മുഖ്യമന്ത്രി പിണറായി വിജയൻ കോളജിന്‍റെ പുനർ നാമകരണത്തിനായി എത്തുമെന്നറിയിച്ചിരുന്നത്. നെയ്യാർഡാമിലെ സഹകരണ കോളജ് (കിക്മ കോളേജ്) തുടങ്ങിയ കാലംമുതൽ അനിൽകുമാർ അവിടെ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ കോളജ് അധികൃതർ പിരിച്ചുവിട്ടതിനെ തുടർന്നു പലതവണ സമരവും സത്യഗ്രഹവുമായി അനിൽകുമാർ കോളജിനു മുന്നിൽ തുടർന്നു.

ഈ വിഷയം സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണു കോളജിൽ മുഖ്യമന്ത്രിയെത്തുമ്പോൾ പ്രതിഷേധം അറിയിക്കാൻ അനിൽകുമാർ തീരുമാനിച്ചത്. താൻ പ്രതിഷേധിക്കാൻ ഒരുങ്ങുന്ന വിവരം ഫോണിൽ മറ്റൊരാളുമായി സംസാരിക്കുകയായിരുന്നു അനിൽകുമാർ.

ഈ സമയമാണ് സുരക്ഷാക്രമീകരണങ്ങൾ നടക്കുന്നതിനിടെ പോലീസ് അനിൽകുമാറിനെ ശ്രദ്ധിച്ചത്. തുടർന്ന് ഇദ്ദേഹത്തെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. എന്നാൽ ചില അസൗകര്യങ്ങളെ തുടർന്നു മുഖ്യമന്ത്രി ഉദ്ഘാടന പരിപാടി റദ്ദുചെയ്തു.

Share this story