65കാരനെ ഹണിട്രാപ്പിൽ പെടുത്തി രണ്ട് ലക്ഷം തട്ടിയെടുത്തു; യുവതിയടക്കം മൂന്ന് പേർ പിടിയിൽ
May 30, 2023, 11:27 IST

മലപ്പുറത്ത് വയോധികനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. താഴേക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37), ആലിപ്പറമ്പ് വട്ടപ്പറമ്പ് സ്വദേശി പീറാലി വീട്ടിൽ ഷബീറലി, ജംഷാദ് എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ആലിപ്പറമ്പ് സ്വദേശിയായ 65കാരനിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കേസ്
അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി. വയോധികനുമായി ഫോണിൽ ബന്ധം സ്ഥാപിച്ച യുവതി മാർച്ച് 18ന് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രാത്രി വീടിന് പുറത്ത് എത്തിയപ്പോഴേക്കും അഞ്ച് പേരടങ്ങിയ സംഘം തടഞ്ഞുവെച്ചു. തുടർന്ന് വീഡിയോയും ചിത്രവും ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.