തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

nihal

കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.


ഓട്ടിസം ബാധിതനായ, സംസാരശേഷി ഇല്ലാത്ത കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്മയിൽ നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചര മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി ഒമ്പത് മണിയോടെ വീടിന് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരമാസകലം തെരുവ് നായ്ക്കൾ കടിച്ചുപറിച്ച നിലയിലാണ്.

Share this story