ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് ഓട്ടിസം ബാധിതനായ കുട്ടിയെ പുറത്താക്കി; സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

human

തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് സ്‌കൂളിലെ പ്രിൻസിപ്പലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ഓട്ടിസം ബാധിതനായ വിദ്യാർഥിയെ പുറത്താക്കിയതിനാണ് കേസെടുത്തത്. സംഭവത്തിൽ ഡിഇഒ രണ്ടാഴ്ചകകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പൊതുപരിപാടിയ്ക്കിടെ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. 

അച്ചടക്കം ലംഘിച്ചെന്ന കാരണം പറഞ്ഞ് കുട്ടിയുടെ ടി സി ഉടൻ വാങ്ങണമെന്ന് സ്‌കൂൾ അധികൃതർ കർശനമായി കുട്ടിയുടെ മാതാപിതാക്കളോട് നിർദേശിക്കുകയായിരുന്നു. മൂന്നുമാസത്തിനകം സ്‌കൂൾ മാറാമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും അതിനും സ്‌കൂൾ അധികൃതർ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. ഒരാഴ്ചത്തെ സമയം മാത്രമാണ് സ്‌കൂൾ അധികൃതർ അനുവദിച്ചത്.

ഈ കുട്ടി സ്‌കൂളിൽ തുടർന്നാൽ മറ്റു കുട്ടികൾ സ്‌കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞതായി മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ഡിഇഒ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു.

Share this story