വീട്ടമ്മയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവം; മൃതദേഹം നാടുകാണി ചുരത്തിൽ നിന്നും കണ്ടെത്തി

sainaba

കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. നാടുകാണി ചുരത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നാടുകാണി ചുരത്തിൽ പരിശോധന നടത്തിയത്. സമദുമായാണ് കോഴിക്കോട് കസബ പോലീസ് രാവിലെ നാടുകാണി ചുരത്തിലെത്തിയത്. മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്ത് നിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം ലഭിച്ചത്

അതിർത്തി പ്രദേശമായതിനാൽ തമിഴ്‌നാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യയെ ഏഴാം തീയതി മുതൽ കാണാനില്ലായിരുന്നുവെന്ന് സൈനബയുടെ ഭർത്താവ് മുഹമ്മദലി പറഞ്ഞു. ഇയാളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയായ സമദ് ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. 

സമദും സുഹൃത്തായ സുലൈമാനും ചേർന്നാണ് കൊലപാതകം നടത്തിയത്. പരിചയത്തിലുള്ള സമദിനൊപ്പം സൈനബ കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും കാറിൽ കയറി പോകുകയായിരുന്നു. സംഭവദിവസം ഇവർ 17 പവന്റെ സ്വർണാഭരണം അണിഞ്ഞിരുന്നു. സ്വർണം തട്ടിയെടുക്കാനായാണ് കൊലപാതകം നടത്തിയതെന്നാണ് സമദിന്റെ വെളിപ്പെടുത്തൽ.
 

Share this story