കോൺഗ്രസിലെ അതികായകനായി വളർന്നുവന്ന നേതാവ്; പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്

oommen

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അതികായകനായി വളരുമ്പോഴും നാടും നാട്ടുകാരുമായും ഹൃദയബന്ധം സൂക്ഷിച്ച നേതാവിയിരുന്നു ഉമ്മൻ ചാണ്ടി. തുടർച്ചയായ 53 വർഷം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആകുകയെന്ന റെക്കോർഡ് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. നാടിനോട് ഉമ്മൻ ചാണ്ടി കാണിച്ച സ്‌നേഹത്തേക്കാൾ പുതുപ്പള്ളിക്കാർ അദ്ദേഹത്തെ തിരിച്ചു സ്‌നേഹിച്ചിരുന്നു. കുഞ്ഞൂഞ്ഞ് എന്നായിരുന്നു നാട്ടുകാർ സ്‌നേഹത്തോടെ അദ്ദേഹത്തെ വിൡച്ചിരുന്നത്

കെ കരുണാകരനും എ കെ ആന്റണിക്കും പിന്നിൽ മൂന്നാമനായിരുന്ന ഉമ്മൻ ചാണ്ടി കേരളാ രാഷ്ട്രീയത്തിൽ കോൺഗ്രസിൽ ഒന്നാമനായി വളർന്നുവന്നത് രാഷ്ട്രീയ ചരിത്രമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നിരന്തരം യാത്രകളിലൂടെ പ്രവർത്തകരുടെ മനസ്സിൽ ഇടം നേടാനും അദ്ദേഹത്തിന് സാധിച്ചു. ഏത് പാതിരാത്രിയിലും ഉമ്മൻ ചാണ്ടിയെ വിളിക്കാനും ആവശ്യങ്ങൾ അറിയിക്കാനും സാധിക്കുമെന്നൊരു വിശ്വാസം ജനങ്ങൾക്കുമുണ്ടായിരുന്നു. 

കരുണാകരനെതിരെ കലാപമുണ്ടാക്കിയാണ് കോൺഗ്രസ് നേതൃത്വത്തിലേക്ക് ഉമ്മൻ ചാണ്ടി എത്തുന്നത്. 1991ൽ കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ഇക്കാലത്താണ് വിവാദമായ പാമോയിൽ ഇറക്കുമതി കരാർ വരുന്നത്. 1994 ജൂൺ 16ന് കരുണാകരനോട് കലഹിച്ച് മന്ത്രിസ്ഥാനം രാജിവെച്ചു. 1994-95 കാലത്ത് ഐഎസ്ആർഒ ചാരക്കേസിൽ കരുണാകനെതിരെ പട നയിച്ചതോടെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. 1995 മാർച്ച് 16നാണ് കരുണാകരൻ രാജിവെച്ചത്. മാർച്ച് 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് കണ്ടത് ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ വളർച്ചയായിരുന്നു

2004 ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റ് ആന്റണി രാജിവെച്ചതോടെ ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2006-11 കാലത്ത് പ്രതിപക്ഷ നേതാവ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി. പിന്നീട് നീണ്ട അഞ്ച് വർഷം ചുറുചുറുക്കോടെ കേരളമാകെ ഓടി നടക്കുന്ന മുഖ്യമന്ത്രിയെയാണ് കണ്ടത്. ഏറെ വിവാദങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ടായിരുന്നു. കരുണാകരനോടുള്ള കലഹം തുടങ്ങി ബാർ കോഴക്കേസും സോളാർ വിവാദവുമൊക്കെ കൊടുമ്പിരി കൊണ്ടപ്പോഴും ഉമ്മൻ ചാണ്ടി എന്ന നേതാവിന് ഇളക്കം തട്ടിയിരുന്നില്ല. കേരളാ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത വിടവുമായാണ് അദ്ദേഹം വിടവാങ്ങുന്നത്.
 

Share this story