പരാതിക്കാരിയുമായി ഒത്തുതീർപ്പായി; ഉണ്ണി മുകുന്ദനെതിരായ തുടർ നടപടികൾക്ക് സ്റ്റേ

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ കോടതിയെ അറിയിച്ചു. 2017ൽ സിനിമാ ചർച്ചക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പെരുമാറിയെന്നാണ് കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി
കേസിൽ കോടതി നേരത്തെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണ് കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെയും പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെ തുടർന്ന് തുടർ നടപടികൾ സ്റ്റേ ചെയ്തിരുന്നു.
ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ താൻ കരാറിൽ ഒപ്പിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചതിനെ തുടർന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ഹർജി കോടതി തള്ളി. ഇപ്പോൾ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് അറിയിച്ചതോടെയാണ് തുടർ നടപടികൾ വീണ്ടും സ്റ്റേ ചെയ്തിരിക്കുന്നത്.