ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന്

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചത് വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമെന്ന് റിപ്പോർട്ട്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വർഷം കഴിയുമ്പോഴാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ് സ്ഥാനം രാജിവെക്കുന്നത്. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്.
അതേസമയം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ജലന്ധർ രൂപതയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും അത് അവസാനിപ്പിക്കുന്നതിനായി വത്തിക്കാൻ ഫ്രാങ്കോയോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് വിവരം. കോടതി വെറുതെവിട്ടെങ്കിലും ഫ്രാങ്കോ ബിഷപായി തുടരുന്നതിനെതിരെ സഭയ്ക്കുള്ളിലെ ഒരു വിഭാഗം എതിർത്തിരുന്നു. രൂപതയുടെ നല്ലതിന് വേണ്ടിയും പുതിയ ബിഷപിനെ തെരഞ്ഞെടുക്കാനും വേണ്ടിയാണ് രാജിയെന്നാണ് ഫ്രാങ്കോ രാജിപ്രഖ്യാപന വീഡിയോയിൽ പറയുന്നത്.