എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്‌ലിൻ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്

satheeshan

എഐ ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. രണ്ടാം എസ് എൻ സി ലാവ്‌ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷ നേതാവ് ഉയർത്തി

മൂന്ന് കമ്പനികളെയാണ് ടെൻഡറിലേക്ക് സെലക്ട് ചെയ്തത്. അതിൽ ആദ്യത്തേത് സ്രിറ്റ് എന്ന കമ്പനിയാണ്. രണ്ടാമത് അശോക ബിൽകോൺ ലിമിറ്റഡ് പാലം നിർമിക്കുന്ന കമ്പനിയാണ്. ആ കമ്പനിയെങ്ങനെ ടെക്‌നിക്കലി സെലക്ടായെന്നതിൽ വ്യക്തതയില്ല. ഇതിൽ അന്വേഷണം വേണം. പത്ത് വർഷത്തെ പ്രവർത്തി പരിചയമുള്ള കമ്പനികൾ മാത്രമേ ടെൻഡറിൽ പങ്കെടുക്കാൻ പാടുള്ളുവെന്നാണ് കെൽട്രോണിന്റെ നിബന്ധനകളിലുള്ളത്. മൂന്നാമത്തെ കമ്പനി അക്ഷര എന്റർപ്രൈസെന്ന കമ്പനി 2017ൽ മാത്രം രൂപീകൃതമായ കമ്പനിയാണ്. അവരെങ്ങനെ സെലക്ടായെന്ന് വ്യക്തമാക്കണം

സ്രിറ്റ് എന്ന കമ്പനിക്ക് കരാർ ലഭിക്കുന്നതിന് മറ്റ് കമ്പനികൾ ചേർന്ന് കാർട്ടറുണ്ടാക്കിയതാണോയെന്ന് പരിശോധിക്കണം. കരാർ ലഭിച്ച സ്രിറ്റ് അല്ല എഐ ക്യാമറ ജോലികൾ ചെയ്യുന്നത്. അവർ വീണ്ടും ഉപകരാർ നൽകുകയായിരുന്നു. ഇവിടെയും നിബന്ധനകൾ ലംഘിക്കപ്പെട്ടെന്നും സതീശൻ ആരോപിച്ചു.
 

Share this story