എഐ ക്യാമറ രാജ്യത്തിന് തന്നെ മാതൃക; കേരള മോഡൽ പിൻതുടരാൻ മഹാരാഷ്ട്രയും

Al Camara

തിരുവനന്തപുരം: കേരള മോഡൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ മഹാരാഷ്ട്രയും. എഐ ക്യാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് മന്ത്രിതല ചർച്ച നടന്നതായും ആന്‍റണി രാജു പറഞ്ഞു.

എഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നീ ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം, ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൺട്രോൾ റൂമുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് കെൽട്രോൺ സംഘത്തെ എഐ ക്യാമറ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചു. എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയെന്ന് വിവേക് ഭീമാൻവർ വ്യക്തമാക്കി.

"എഐ ക്യാമറകൾ സ്ഥാപിച്ചതോടെ കേരളത്തിൽ വാഹന അപകടങ്ങളും, അപകട മരണങ്ങളും ഗണ്യമായി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളും ഇതേ മാതൃകയിൽ എഐ ക്യാമറ സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതിലൂടെ എഐ ക്യാമറ പദ്ധതി വൻവിജയമാണെന്നാണ് വ്യക്തമാകുന്നത്.'' മന്ത്രി പറഞ്ഞു.

Share this story