ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, 16 വകുപ്പുകളും തെളിഞ്ഞു

ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. കേസിൽ ചുമത്തിയ 16 വകുപ്പുകളും തെളിഞ്ഞു. സമാനതയില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. കേരളത്തിന്റെ മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധി വരുന്നത്. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്
ജൂലൈ 28നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. ബിഹാർ സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയെ ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കൂട്ടിക്കൊണ്ടുപോയതും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും. കേസിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബർ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി.